11:44pm 07 November 2026
NEWS
സംസ്ഥാന സമ്മേളനത്തിന് പിന്നാലെ സിപിഎമ്മിൽ അസംതൃപ്തരുടെ എണ്ണം പെരുകുന്നു

11/03/2025  12:18 PM IST
nila
സംസ്ഥാന സമ്മേളനത്തിന് പിന്നാലെ സിപിഎമ്മിൽ അസംതൃപ്തരുടെ എണ്ണം പെരുകുന്നു

തിരുവനന്തപുരം: സംസ്ഥാന സമ്മേളനം അവസാനിച്ചതിന് പിന്നാലെ സി.പി.എമ്മിൽ അസംതൃപ്തരായ നേതാക്കളുടെ എണ്ണം പെരുകുന്നു. സംസ്ഥാന കമ്മിറ്റിയിലും സംസ്ഥാന സെക്രട്ടറിയേറ്റിലും ഇടംലഭിക്കാത്ത നേതാക്കളാണ് പ്രതിഷേധ സ്വരം ഉയർത്തുന്നത്. പത്തനംതിട്ടയിലെ മുതിർന്ന നേതാവ് എ. പദ്മകുമാർ സംസ്ഥാന കമ്മിറ്റിയിലെടുക്കാത്തതിലെ തന്റെ അതൃപ്തി പരസ്യമായി പ്രകടിപ്പിച്ചതിന് പിന്നാലെ പല നേതാക്കളും ഒളിഞ്ഞും തെളിഞ്ഞും തങ്ങളുടെ പ്രതിഷേധവും പ്രകടിപ്പിക്കുകയാണ്. ഇപ്പോഴിതാ, സംസ്ഥാന സമിതി അംഗമായ കടകംപള്ളി സുരേന്ദ്രന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റാണ് ചർച്ചയാകുന്നത്. 

സമ്മേളനത്തിന് പിന്നാലെയാണ് കടകംപള്ളി സുരേന്ദ്രൻ ഫെയ്‌സ്ബുക്കിലെ കവർ ചിത്രം മാറ്റിയത്. ഇതിന് അടിക്കുറിപ്പായി ചേർത്ത വാക്കുകൾക്ക് അവസാനമുള്ള ആശ്ചര്യചിഹ്നമാണ് ചർച്ചകൾക്ക് വഴിവെച്ചിരിക്കുന്നത്. മുതിർന്ന നേതാവായ തന്നെ 17 അംഗ സംസ്ഥാന സെക്രട്ടേറിയറ്റിൽ ഉൾപ്പെടുത്താതിലുള്ള അതൃപ്തിയാണ് കടകംപള്ളി ഇതിലൂടെ പ്രകടമാകുന്നതെന്നാണ് വ്യാഖ്യാനിക്കപ്പെടുന്നത്.

'നവകേരളമാർച്ചിന്റെ സമാപനസമ്മേളനം, 2016 ഫെബ്രുവരി 15!' എന്ന കുറിപ്പാണ് ചിത്രത്തിനൊപ്പം ചേർത്തിരിക്കുന്നത്. തിങ്ങിക്കൂടിയ പ്രവർത്തകരെ അഭിസംബോധനചെയ്ത് കടകംപള്ളി സംസാരിക്കുന്നതാണ് ചിത്രം. പോസ്റ്റിന് താഴെ കടകംപള്ളിയെ അനുകൂലിച്ചും എതിർത്തും പ്രവർത്തകർ രംഗത്തെത്തി.

സംസ്ഥാന കമ്മിറ്റിയിൽ ഇടംലഭിക്കാതെ വന്നതോടെ സമ്മേളനം അവസാനിക്കുന്നതിന് മുമ്പുതന്നെ അതൃപ്തി പരസ്യമാക്കി മുൻ എം.എൽ.എയും ദേവസ്വംബോർഡ് ചെയർമാനുമായിരുന്ന എ. പദ്മകുമാർ രംഗത്തെത്തിയിരുന്നു. തന്നെ തഴഞ്ഞ് മന്ത്രി വീണാ ജോർജിനെ സംസ്ഥാന കമ്മിറ്റിയിൽ ഉൾപ്പെടുത്തിയതാണ് പദ്മകുമാറിനെ ചൊടിപ്പിച്ചത്. സമ്മേളനസമാപനത്തിന് നിൽക്കാതെ അദ്ദേഹം പത്തനംതിട്ടയിലേക്ക് തിരിക്കുകയും വിമർശനം പരസ്യമാക്കി പോസ്റ്റിടുകയും ചെയ്തു.

പദ്മകുമാറിന് പിന്നാലെ കണ്ണൂർ ജില്ലാ കമ്മിറ്റി അംഗവും ജനാധിപത്യ മഹിളാ അസോസിയേഷൻ ദേശീയ ജോ. സെക്രട്ടറിയുമായ എൻ. സുകന്യ, പി. ജയരാജന്റെ മകൻ ജെയിൻ ജയരാജ് എന്നിവരും പരോക്ഷ സൂചനകളുള്ള സാമൂഹികമാധ്യമപോസ്റ്റുകളുമായി രംഗത്തെത്തിയിരുന്നു. പി. ജയരാജനും ജെ. മേഴ്‌സിക്കിട്ടിയമ്മയ്ക്കും അവഗണനയിൽ നീരസമുണ്ടെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img